മുഖ്യധാരാ എഴുത്തുകാര്‍ ബ്ലോഗുകളെ അവഗണിക്കുന്നതിനെ പറ്റി ഒരു ചര്‍ച്ച തറവാടി എന്ന ബ്ലോഗ്ഗറുടെ പോസ്റ്റില്‍ കണ്ടിരുന്നു. വളരെ പ്രസക്തമായിരുന്നു ആ ചര്‍ച്ച . എന്നാല്‍ അതോടൊപ്പം തന്നെ ചിന്തിപ്പിക്കുന്ന ഒരു വിഷയമാണ് മലയാളം ബ്ലോഗുകളുടെ ജനകീയത.

ഈ പോസ്റ്റിലെ തന്നെ അഭിപ്രായങ്ങളില്‍ കൊടുത്തിരുന്ന ചില കണക്കുകള്‍ അത്ര ശരിയായില്ല എന്നും പറയണം . കേരളത്തിലെ മൂന്ന് പ്രധാന പത്രങ്ങളുടെ (മലയാള മനോരമ , മാതൃഭൂമി , മാധ്യമം ) വായനക്കാര്‍ മൊത്തം ജനസംഖ്യയുടെ 8.5% ശതമാനം ആണെന്നുള്ളത്‌ അവിശ്വസനീയമാണ് . 2009-ലെ ഐ ആര്‍ എസിന്റെ (ഇന്ത്യന്‍ റീഡര്‍ ഷിപ്‌ സര്‍വേ ) കണക്കു പ്രകാരം മലയാളത്തില്‍ ഏറ്റവും പ്രചാരമുള്ള രണ്ടു പത്രങ്ങളുടെ വായനക്കാരുടെ എണ്ണം കാണുക .

മലയാള മനോരമ : 12,859,000

മാതൃഭൂമി : 9,444,000.

ആകെ :22,303,000 വായനക്കാര്‍

രണ്ടു പത്രങ്ങളും വായിക്കുന്നവര്‍ , പത്രം വായിക്കുന്ന ശീലം ഇല്ലാത്തവര്‍ എന്നീ വിഭാഗങ്ങളെ കണക്കില്‍ എടുത്താല്‍ തന്നെ ഇത് കേരളീയരുടെ (ജനസംഖ്യ - 3.2 കോടി ) 70 ശതമാനത്തോളം വരും . ഇത് രണ്ടു പത്രങ്ങളുടെ മാത്രം കാര്യം . മറ്റു പത്രങ്ങളുടെയും വാരികകളുടെയും കാര്യം എടുത്തു നോക്കൂ .കേരളത്തിലെ ഇന്റര്‍നെറ്റ്‌ ഉപയോഗിക്കുന്നവരുടെ കണക്കു കൂടി അറിയുമ്പോള്‍ ആണ് ഈ വ്യത്യാസം വളരെ പ്രത്യക്ഷമാവുന്നത് . പ്രവാസികളുടെ കണക്കു എടുത്താലും വലിയ വ്യത്യാസം വരില്ല

ബ്ലോഗ്‌ വളരെ ശക്തമായ മാധ്യമമാണ് . മറ്റു മാധ്യമങ്ങളെ അപേക്ഷിച്ച് ധാരാളം ഗുണങ്ങളും ഉള്ളതാണ് . വായനക്കാരെ ധാരാളം ആകര്‍ഷിക്കാന്‍ ഇത്തരം കാര്യങ്ങള്‍ മതിയോ ? വായനക്കാരില്ലെങ്കില്‍ ഈ മാധ്യമം എത്ര ഫലപ്രദമാകും ?

സമൂഹത്തെ സ്വാധീനിക്കാന്‍ കഴിയും വിധം മലയാളത്തില്‍ ബ്ലോഗിങ്ങ് നടത്താന്‍ വായനക്കാര്‍ വേണം . നല്ല രീതിയിലുള്ള ചര്‍ച്ചകള്‍ നടക്കണം . ആ ചര്‍ച്ചകള്‍ ബൂലോഗത്തിനു പുറത്തും എത്തണം .ഇത്തരം കാര്യങ്ങള്‍ ബ്ലോഗിങ്ങിലൂടെ ലോകമെമ്പാടും നടക്കുന്നുണ്ട് . ഇന്ത്യയില്‍ തന്നെ ധാരാളം ഉദാഹരണങ്ങള്‍ ചൂണ്ടി കാണിക്കാന്‍ സാധിക്കും . മലയാളത്തിലും വളരെ ചെറിയ തോതില്‍ ഉണ്ട് എന്നത് നിഷേധിക്കാനാവില്ല മതപരമായതോ രാഷ്ട്രീയ പരമായതോ മറ്റു രീതിയിലുള്ളതോ ആയ ധ്രുവീകരണങ്ങള്‍ , തെറിവിളികള്‍ , സംഘം ചേര്‍ന്ന് ബൂലോഗത്തെ തന്നെ ഹൈജാക്ക് (?) ചെയ്യാനുള്ള ശ്രമങ്ങള്‍ എല്ലാം ബൂലോഗത്തിന്റെ നേരായ ദിശയിലേക്കുള്ള വളര്‍ച്ചയെ ബാധിക്കും

ഇതിന്റെ കൂടെ : ഇന്ത്യയിലെ ഏറ്റവും ജനകീയമായ ബ്ലോഗുകളുടെ ഒരു ലിസ്റ്റ് ഇവിടെ കണ്ടു. മലയാളികള്‍ എഴുതിയ ബ്ലോഗുകള്‍ ഉണ്ടെങ്കിലും മലയാളത്തില്‍ എഴുതിയത് ഒന്നേ കണ്ടുള്ളൂ . 127-)മത്തെ സ്ഥാനത്ത് ബെര്‍ളിത്തരങ്ങള്‍ . (മറ്റൊന്നും കണ്ടെത്താനായില്ല )

0 Response to "ബ്ലോഗുകളും വായനയും"

Copyright 2009 - അപരന്‍ Designed by Gaganpreet Singh